ഗണേശോത്സവം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരെ

തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഗണേശോത്സവ ആഘോഷങ്ങൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് മാസം 24 ന് തുടങ്ങി 9 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾക്ക് ശേഷം സെപ്റ്റംബർ മാസം 1 ന് നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശംഖുമുഖത്ത് നടക്കുന്ന നിമഞ്ജന കർമ്മത്തോടും കൂടി ആഘോഷ പരിപാടികൾ പൂർണമാകും.

ഗണേശ ഉത്സവാഘോഷത്തിനായുള്ള വിഗ്രഹങ്ങളുടെ നിർമ്മാണം പൂർത്തിയായി വരികയാണ്. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ പ്രകൃതിദത്തമായ രീതിയിൽ ചകിരിയും, ചോക്ക് പൗഡറും, ചായക്കൂട്ടുകളും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. മൂന്ന് അടി മുതൽ 30 അടി വരെയുള്ള വിഗ്രഹങ്ങളാണ് പ്രതിഷ്ഠയ്ക്കായി തയ്യാറാക്കുന്നത്.

വിഗ്രഹ നിർമ്മാണം പൂർത്തിയായാൽ മിഴി തുറക്കൽ ചടങ്ങ് നടക്കും. ആഗസ്റ്റ് 23 ന് ഗണേശ വിഗ്രഹങ്ങൾ പ്രതിഷ്ഠ കേന്ദ്രങ്ങളിലേക്ക് കൊണ്ട് പോകും. ആഗസ്റ്റ് 24 ന് പ്രതിഷ്ഠ കർമ്മങ്ങൾ നടക്കും. ആഗസ്റ്റ് 27 ന് വിനായക ചതുർത്ഥിയോടനുബന്ധിച്ചു അഷ്ട ദ്രവ്യ ഗണപതി ഹോമം നടക്കും. സെപ്റ്റംബർ ഒന്നിന് വൈകുന്നേരം തലസ്ഥാനത്തു സാംസ്‌കാരിക സമ്മേളനവും, ഗണേശ വിഗ്രഹ ഘോഷ യാത്രയും നടക്കും. വിഗ്രഹങ്ങളുടെ നിമഞ്ജനം ശങ്കു മുഖം കടലിൽ നടത്തും എന്ന് ആഘോഷട്രസ്റ്റ് കമ്മിറ്റി ചെയർമാൻ ജി. രാജ്‌മോഹൻ, മുഖ്യ കാര്യദർശി എം എസ് ഭൂവന ചന്ദ്രൻ, ട്രസ്റ്റ് കൺവീനർ ആർ ഗോപിനാഥൻ നായർ, ട്രസ്റ്റ് വൈസ് ചെയർമാൻ ദിനേശ് പണിക്കർ, ട്രസ്റ്റ് വൈസ് ചെയർമാൻ ജയശ്രീ ഗോപാല കൃഷ്ണൻ, ട്രസ്റ്റ് സംസ്ഥാന കോർഡിനേറ്റർ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ, മറ്റു ഭാരവാഹികൾ എന്നിവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.
