ദുൽഖർ ചിത്രം ലക്കി ഭാസ്കറിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദീപാവലി റിലീസായി ഒക്ടോബർ 31ന് ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ ദുൽഖറിനെ പുകഴ്ത്തുന്ന അടുത്ത സുഹൃത്തുകൂടിയായ വിജയ് ദേവരകൊണ്ടെയുടെ വാക്കുകളും ദുൽഖറിന്റെ മറുപടിയുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സൗഹൃദമോ പരിചയമോ ഇല്ലാതിരുന്നപ്പോൾ പോലും താൻ ദുൽഖറിന്റെ സിനിമകൾ തേടിപിടിച്ച് ടോറന്റ് വെബ്സൈറ്റ് വഴി കാണുമായിരുന്നെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ”ദുൽഖറിനെ ആദ്യമായി കാണുന്നത് മഹാനടിയുടെ സെറ്റിൽ വെച്ചാണ്. ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിനിടെ സുഹൃത്തുക്കളായി. സൗഹൃദം വളർന്നതോടെ സീതാരാമത്തിന്റെ സെറ്റിൽ പോയി വരെ ദുൽഖറിനെ കാണുമായിരുന്നു” – വിജയ് പറഞ്ഞു. മഹാനടിയിലും കൽക്കി 2898 എഡിയിലും ഒരുമിച്ച് അഭിനയിച്ചെങ്കിലും സ്ക്രീൻ പങ്കിടാനായില്ലെന്ന വിഷമവും താരം പങ്കുവെച്ചു.
മറുപടിയായി വിജയ് ദേവരകൊണ്ടയെ ‘ലക്കി ചാം’ എന്നാണ് ദുൽഖർ വിശേഷിപ്പിച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ദുൽഖർ വാചാലനായി.ചടങ്ങിൽ തെലുങ്കിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ത്രിവിക്രം ശ്രീനിവാസും ദുൽഖറിനെ പുകഴ്ത്തി. ” മമ്മൂട്ടിയുടെ ലെഗസിയെ മറികടക്കുക എളുപ്പമല്ല. എന്നാൽ ദുൽഖർ വേഗത്തിൽ തന്നെ സ്വന്തമായൊരു വഴി വെട്ടിത്തുറന്നു. പുതിയ കാലത്തിന്റെ നടനായി മാറി” – ത്രിവിക്രം ശ്രീനിവാസ് പറഞ്ഞത് ..
എന്തായാലും ലക്കി ഭാസ്കറുമായി ദുൽഖർ എത്തുമ്പോൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നറിയാനാണ്. കഴിഞ്ഞ വർഷം വലിയ ഹൈപ്പോടെ എത്തിയ കിംഗ് ഓഫ് കൊത്തയ്ക്ക് തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. ചിത്രത്തിന് നേരെ നല്ല രീതിയിൽ തന്നെ നെഗറ്റീവ് കമ്മറ്സ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത് ചിത്രത്തിന്റെ കളക്ഷനെയും ബാധിച്ചിരുന്നു.അതേസമയം, 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിൻറെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് സിനിമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെടുന്നത്.
90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രമെത്തുക..ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങളും ടീസറും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.എന്തായാലും ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു ദുൽഖർ ചിത്രം തിയേറ്ററിൽ എത്തുമ്പോൾ ഏറെ ആകാംക്ഷയിലാണ് ആരാധകർ