പല്ലൊട്ടിയിലെ കുട്ടിത്താരങ്ങളെ ചേർത്തുപിടിച്ച് അഭിനന്ദിച്ച് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90’s കിഡ്സ്’ സിനിമയുടെ വിജയത്തിൽ താരങ്ങളെയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ. ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് എന്നിവരെ ലാലേട്ടൻ ചേർത്തുപിടിച്ചു അഭിനന്ദിച്ചു.കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചിത്രം, മികച്ച ബാല താരം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ മൂന്നു അവാർഡുകൾ കരസ്ഥമാക്കിയ ‘പല്ലൊട്ടി 90’സ് കിഡ്സ്’ തീയേറ്ററുകളിൽ ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ നിറഞ്ഞോടുകയാണ്.

തൊണ്ണൂറുകളിലെ സൗഹൃദവും നൊസ്റാൾജിയയും പ്രമേയമായെത്തുന്ന ചിത്രം സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്കളങ്കതയും തൊണ്ണൂറുകളിലെ ഓർമകളും വേണ്ടുവോളം സമ്മാനിക്കുന്നുണ്ട്. പലപ്പോഴും ആത്മവിശ്വാസകുറവുകൊണ്ട് പിന്നോട്ട് പോകുന്ന മനുഷ്യരെ ചേർത്ത് പിടിക്കണമെന്ന് പല്ലൊട്ടി അടിവരയിടുകയും ചെയ്യുന്നു…കുട്ടികളുടെ മാത്രം സിനിമയല്ലിത്. കുട്ടികളുടേയും കുട്ടിത്തം നഷ്ടപ്പെട്ടവരുടേയും കുട്ടികളാവാൻ കൊതിക്കുന്നവരുടേയുമാണ്. അത്രമേൽ ജീവിതത്തിന്റെ വിയർപ്പും കണ്ണീരും ഓർമകളും കൊണ്ട് പൊതിഞ്ഞ ചലച്ചിത്രയാത്രയാണ് പല്ലൊട്ടി. പുത്തൻ കുട്ടൂകാർക്ക് പല്ലൊട്ടി കൗതുകമായെങ്കിൽ പോയ ബാല്യങ്ങൾക്ക് അനുഭവത്തിന്റെ ചൂടുപകരും ഓരോ രംഗങ്ങളും. കുളംകര എന്ന ഗ്രാമവും അവിടുത്തെ കണ്ണനും ഉണ്ണിയും മഞ്ജുളനുമൊക്കെ നമുക്ക് പരിചിതരെന്നു തോന്നിയേക്കാം. അയാൽവാസികളാണ് ഏഴാം ക്ലാസുകാരൻ ഉണ്ണിയും അഞ്ചാം ക്ലാസുകാരൻ കണ്ണനും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്കുള്ള യാത്രയും കറക്കവുമൊക്കെ ഇരുവരും ഒന്നിച്ചുമാണ്. കണ്ണൻ ചേട്ടനെ ശക്തിമാനെപോലെ കണ്ട് ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുകയാണ് ഉണ്ണി. ഇവരുടെ യാത്രകളും രസകരമായ സംഭവങ്ങളും സംഭാഷണങ്ങളുമാണ് ‘പല്ലൊട്ടി’ പ്രേക്ഷകരോട് സംവദിക്കുന്നത്.

സൗഹൃദത്തിന്റെ ആഴവും ബാല്യത്തിന്റെ നിഷ്്കളങ്കതയും പത്തരമാറ്റോടെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. നയന്റീസ് കിഡ്സിന് ഓർമകളുടെ കുടമാറ്റവും വെടിക്കെട്ടുമൊക്കെ ഒരുപോലെ ചിത്രം പകരും എന്നതിൽ സംശയമില്ല. നന്മ മാത്രം നിറഞ്ഞ കഥാപാത്രങ്ങളാണ് സിനിമയുടെ ജീവൻ. തുടക്കം മുതൽ ഒടുക്കംവരെ നമ്മെ ഓർമപ്പെടുത്തുന്നതും ആ നന്മയാണ്.

ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് പല്ലൊട്ടി 90’സ് കിഡ്സ്. സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ നിർമ്മിച്ച് നവാഗതനായ ജിതിൻ രാജ് സംവിധാനം ചെയ്യ്ത ”പല്ലൊട്ടി 90 ‘s കിഡ്സ്.റിലീസിന് മുൻപ് തന്നെ 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇൻറെർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *